Friday, March 14, 2014

വാസ്തുകലാക്കുറിപ്പുകൾ -ഒരു യുവ ആർകിറ്റെക്റ്റിന്റെ ജീവിതത്തിലെ ചില ഏടുകൾ

അടുത്ത മുടുക്കിലെ അമ്മച്ചീടെ ചായക്കടേലെ ഊളച്ചായയും അപ്പാപ്പന്റെ മാടക്കടേലെ സിഗരറ്റും മിക്സാക്കി  രാവിലെത്തന്നെ ആത്മാവിൽ ലയിപ്പിക്കാതെ ഒരു സുഖവുമില്ല.ചായച്ചൂട് നാവിൽ തട്ടി തൊണ്ട കടന്ന് ആമാശയത്തിലേക്കുള്ള വഴിയന്വേഷിക്കുമ്പോൾ രാധാകൃഷ്ണൻ തന്റെ ട്രാക്ക് സ്യൂട്ടും കഴുത്തിൽ തൊപ്പിയുള്ള ടി ഷർട്ടും നിരീക്ഷിച്ച് ആത്മാഭിമാനം കൊണ്ടു .പുലർച്ചെ 6 മണിക്ക് സാംസങ്ങ് ഗ്രാൻഡ്‌ 2 അലാറം അടിക്കും."കൊണം വന്നു കേറും" പിന്നെ 25 k വിലയുള്ള സ്റ്റഫ് അല്ലെ എന്ന് കരുതി എടുത്തെറിയില്ല .പിന്നെ സമൂഹത്തിൽ ഉന്നത സ്ഥാനം അലങ്കരിക്കുന്ന എല്ലാ നിർഗുണ പരബ്രഹ്മങ്ങൾക്കും ഉള്ള അലങ്കാര ദീനങ്ങൾ തന്റെ ശരീരവും സ്വായത്തമാക്കിക്കഴിഞ്ഞു എന്ന ചിന്തയും അവനെ കിടക്കയിൽ നിന്നുയർത്തും.രക്തസമ്മർദം ,കൊളസ്ട്രോൾ ,ചൊറി ,ചിരങ്ങ് ,അജീർണം എല്ലാമുണ്ട്. .എല്ലാ ദീനങ്ങൾക്കും രാവിലെയുള്ള 20 മിനിറ്റ് നടത്തമാണ് ഡോക്ടർ നിർദേശിച്ച പ്രതിവിധികളിൽ ഒന്ന്.ഇളംവെയിൽ കൊണ്ടും ഗ്രിഹാതുരത്വം ഉണർത്തുന്ന പാട്ടുകൾ കേട്ടും ,അതേ സമയം ഓടാനെത്തുന്ന തൈക്കിളവികളുടെ അഴകളവുകൾ നിരീക്ഷിച്ചും എപ്പോഴെങ്കിലും ഒരു ചെല്ലക്കിളിയെങ്കിലും തന്നെ നോക്കി "ഹായ് രാധൂ" എന്ന് പറയും എന്ന ശുഭപ്രതീക്ഷ പുലർത്തിയും എല്ലാ ദിവസവും ഒരു വ്രതം പോലെ രാധു പതിവ് സമയത്ത് ഓടിക്കൊണ്ടിരുന്നു .പണ്ട് കടയ്ക്കാവൂർ അണ്ടി കളിച്ചും ഗോട്ടി പെറുക്കിയും നടന്ന രാഷ്ണൻ എവിടെ ,ഇന്ന് കോടികളുടെ പ്രോജെക്റ്റുകൾ അമ്മാനമാടുന്ന ഞാൻ എവിടെ."ഞാനൊരു പുലി തന്നെ " രാധാകൃഷ്ണൻ ചിന്തിച്ചു.
"ഡേയ് അപ്പോം മൊട്ടേം വേണാ?"ചായക്കടെലെ അമ്മച്ചീടെ ചോദ്യം രാധൂനെ തിരിച്ചു ഭൂമിയിൽ എത്തിച്ചു. കണ്ട്രി അമ്മച്ചി ഡോണ്ട് ഈവൻ നോ ഹൗ റ്റു റെസ്പെക്റ്റ് ആൻ ആർകിറ്റെക്റ്റ് .
"നോ,താങ്ക്യൂ."രാധു പറഞ്ഞു.അമ്മച്ചീടെ മുഖത്തെ ഇളിഞ്ഞ ലുക്ക്‌ അവരുടെ പുളിച്ച തെറിയേക്കാൾ കൂടുതൽ സംവദിച്ചു.
"പണ്ടിവിടെ പറ്റുണ്ടായിരുന്ന പയലുകലാണ് .ഇപ്പൊ അവന്റെ അമ്മേടെ ഒരു ഇങ്ക്ലീഷ് ..***&%()## .
എഴുന്നേറ്റു നടന്നെങ്കിലും അധിക ദൂരമെത്താതിരുന്ന രാധുവിന്റെ പ്രിഷ്ഠ ഭാഗത്ത്‌ തട്ടി തെറികൾ അന്തരീക്ഷത്തിൽ വിലയം  പ്രാപിച്ചു.ഞാനൊന്നും കേട്ടിട്ടില്ല എന്ന മട്ടിൽ രാധു ജോഗ്ഗിംഗ് തുടർന്നു .
അമ്മച്ചീടെ ചായ വയറ്റിൽ വിസ്ഫോടനം സൃഷ്ടിച്ചു തുടങ്ങിയപ്പോൾ രാധു ജോഗ്ഗിങ്ങിന്റെ സ്പീഡ് കൂട്ടി.ഓഫിസിലെ കക്കൂസാണ് രാധൂന് പഥ്യം .പത്രത്തിലെ ഇക്കിളിവാർത്തകൾ തലേന്നത്തെ ബിരിയാണിയും ഊളച്ചായയും തമ്മിലുള്ള പ്രതിപ്രവർത്തനത്തിനു രാസത്വരകമായി.വിസ്ഫോടനം ഉച്ചസ്ഥായിയിൽ ആയപ്പോൾ രാധുവിന്റെ ചുണ്ടിന്റെ ഇടത്തേ കോണ്‍ ഒന്ന് വിജ്രുംഭിച്ചു .കണ്ണുകൾ ചെറുതായി ,നിനിഷങ്ങൾക്കകം മുഖത്ത് ആശ്വാസത്തിന്റെ നവമുകുളങ്ങൾ കളിയാടി.ആ ആസ്വാദനത്തിനു വിഘാതം വരുത്തുമാറ് രാധുവിന്റെ സ്മാർട്ട്‌ ഫോണ്‍ ചിലച്ചു.മണി മേസ്തിരിയാണ് .രാവിലെതന്നെ എന്തു ഏണിയാണോ എന്തോ?.രാധു ഫോണെടുത്തു.
"സാറേ കുഴിവിളയിലെ വീട് ഇന്ന് സെറ്റൗട്ട് അല്ലെ?സാറ് വരുവോ?"
അയ്യോ സംഗതി മറന്നേ പോയി."അണ്ണാ ഞാനാളിനെ വിടാം." രാധു പറഞ്ഞു .
രാധൂനു 10 -15 സ്റ്റാഫ്‌ ഉണ്ട്.സുന്ദരേശൻ ,ജിംബ്രു,സുപ്രൻ ,പാണ്ടു ....ലിസ്റ്റ് നീണ്ടതാണ് ..പക്ഷെ തലയ്ക്കകത്ത് ആള് താമസം ഉള്ളത് മരുന്നിനു പോലും ഇല്ല.എന്തേലും നടക്കണമെങ്കിൽ താനോ ബിജിയോ ചെല്ലണം.ബിജിയാണേൽ ഒറക്കപ്പായീന്നു ഇത് വരെ ഉദ്ധരിച്ചിട്ടില്ല.  ജിംബ്രൂനെ  വിളിക്കാം 
'ജിംബ്രൂ ,രാഷ്ണൻ ആണ്ട്രാ,ആ കുഴിവേളെലെ വീട് നീ ഒന്ന് പോയി സെറ്റൗട്ട് ചെയ്യണം"
"സാറേ..അതിനു...ഡിസൈൻ സാറ്  ചെയ്തിട്ടില്ലല്ലോ ?"
ഇവന്മാർക്കൊക്കെ നാണമില്ലേ ഈ ചോദ്യം ചോദിയ്ക്കാൻ.ഡിസൈൻ വേണമത്രേ ഡിസൈൻ.എന്തോന്ന് ഡിസൈൻ.നേരെ സൈറ്റിലെക്കു ചെല്ലുക ,സെറ്റൗട്ട് ചെയ്യുക.ഞാനൊക്കെ അങ്ങനെയാണ് .ഈ ജൂനിയേർസിന് ഒരു ക്ണാപ്പും അറിയില്ല.കടയ്ക്കാവൂരിൽ 50 ഏക്കർ സ്ഥലം വാങ്ങി തിരോന്തരത്തൂന്നേ കാണാൻ പറ്റുന്ന ബഹുനില കെട്ടിടം.ബുർജ് രാധാകൃഷ്ണ പണിയണം .അതാണ്‌ തന്റെ സ്വപ്നം.ഇവന്മാരെപ്പോലുള്ള  ജുനിയെർസ് ആണങ്കിൽ എല്ലാം ഞാൻ ഒറ്റയ്ക്ക് തന്നെ ചെയ്യണ്ടി വരും.രാധൂനു കൊണം വന്നു കേറി.
"നീ ആ വെള്ളയമ്പലത്തെ സൈറ്റിൽ വരച്ച വീടെടുത്ത് അവിടെ സെറ്റൗട്ട് ചെയ്യ് .ബാക്കി നമുക്ക് പിന്നെ ശെരിയാക്കാം .സെറ്റൗട്ട് കഴിഞ്ഞ്  നേരെ പട്ടം സൈറ്റിലേക്കു പൊയ്ക്കോ."
ഛെ ആസ്വദിച്ച് ഒന്ന് ഷിറ്റടിക്കാൻ കൂടി സമ്മതിക്കത്തില്ല .ബ്ലഡി ക്ലയന്റ്സ് ആൻഡ്‌ പണിക്കാർ .

'മുല്ലപെരിയാർ പോട്ടിയുഴുകും.എനിക്കുറക്കം കിട്ടുന്നില്ലെന്ന് മന്ത്രി.' പത്രത്തിലെ പ്രധാന വാർത്തകൾ വായിച്ചു കഴിഞ്ഞപ്പോളെക്കു രാധുവിന്റെ വയറൊഴിഞ്ഞിരുന്നു.
ജിംബ്രു വിളിച്ചു.കുഴിവിളയിലെ സെറ്റൗട്ട് മാറ്റിവച്ചു .കുറ്റിയടിക്കാൻ  വന്ന ആശാരിയെ പട്ടി കടിക്കാൻ ഓടിച്ചിട്ടതിനാൽ അശുഭ ലക്ഷണമായി കണക്കാക്കി സെറ്റൗട്ട് അടുത്ത ബുധനാഴ്ച ത്തേക്ക് മാറ്റി.ഈശ്വരൻ തൂണിലും തുരുമ്പിലും പട്ടിയിലും ഉണ്ടെന്നു രാധുവിന് ഉറപ്പായി.ജിംബ്രുവിനോടും പാണ്ടുവിനോടും ഉടനെ പട്ടം സൈറ്റിലേക്കു ചെല്ലാൻ പറഞ്ഞു.ഹോ എന്നെ സമ്മതിക്കണം എന്തൊരു മാനേജ്‌മന്റ്‌ .രാധു സ്വന്തം തോളിൽ തട്ടി അഭിനന്ദിച്ചു.
ബിജിയെയും വിളിച്ചുണർത്തി പട്ടത്തേ ക്ക്  പോകും വഴി ഹോട്ടലിൽ കയറി ദോശ തിന്നു കൊണ്ടിരിക്കുമ്പോഴാണ് പട്ടം ക്ളയന്റ് വിളിച്ചത് .അയാള് ഒരു  ബിസിനസ് കാരനാണ്.സൌത്ത് ആഫ്രിക്കയിൽ.പ്രവാസി.ദോഷം പറയരുതല്ലോ...നല്ല തള്ളാ ....തള്ള് കൂടുതലാണെങ്കിലെന്താ വിവരക്കേടിനു ഒരു കുറവും ഇല്ല.
"രാഷ്ണാ ,ഈ ജനലുകളൊക്കെ ത്വാനെ വലുതായതു പോലെ ത്വാന്നണല്ല്."
"നോ സർ, അത് ഞങ്ങളുടെ ഡിസൈന്റെ ഒരു പ്രത്യേകതയാണ് .വെളിച്ചത്തിനും കാറ്റിനും ഒട്ടും കുറവ് വരാതെയാണ് ഞങ്ങൾ വിൻഡോസ് ഡിസൈൻ ചെയ്യുന്നത്."
"പക്ഷെ ഈ ബാത്രൂമിലോക്കെ വലുത് വച്ചാല് കുളിക്കണതും പേടുക്കണതും തൂറണതും ഒക്കെ നാട്ടുകാര് കാണൂല്ലേ ?"
"നോ സർ ,അതൊക്കെ ഞങ്ങൾ നോക്കിക്കൊളാം "
"എന്തര് നോക്കാന്നു? കുളിക്കണതാ ?"
"അതല്ല സർ ,എല്ലാം ഞങ്ങൾ  ശെരിയാക്കാം "
"എന്തെരായാലും നിങ്ങൾ ഇവിടം വരെ ഒന്ന് വരി."
"എസ് സർ .ഞങ്ങൾ ദാ എത്തി."
സൈറ്റിൽ പറന്നെത്തിയ രാധുവും ബിജിയും ക്ളയന്റിനു ഷേക്ക്‌ ഹാൻഡ്‌ കൊടുത്തതിനു ശേഷം പതിവ് പോലെ മേസ്തിരിയെ രണ്ടു ചീത്ത വിളിച്ചു ഞെട്ടിച്ചു (ജസ്റ്റ്‌ ഫോർ ഹൊറർ .ചുമ്മാ ക്ലയന്റിനെ ഒന്ന് ഇമ്പ്രെസ്സ് ചെയ്യിക്കാൻ.)എന്നിട്ട് അകത്തേക്ക് കടന്നു.
ജിംബ്രുവും പാണ്ടുവും സിംഹത്തിനു മുന്നില് അകപ്പെട്ട ആട്ടിന്കുട്ടികളെ പോലെ നിന്ന് പരുങ്ങുന്നത്   കണ്ടപ്പോൾ തന്നെ രാധു എന്തോ അപകടം മണത്തു.ക്ളയന്റ് നേരെ ബാത്ത്രൂമിലേക്ക്  നടന്നു.എന്നിട്ട് അവിടെ പിടിപ്പിച്ചു വച്ചിരിക്കുന്ന ജനലിനു നേരെ ചൂണ്ടി.
കാഴ്ച കണ്ട രാധുവിന്റെം ബിജീടെം കണ്ണ് തള്ളി പുറത്തു വന്നു.....
രാധുവും ബിജിയും പരസ്പരം നോക്കി.കഴിച്ച മസാല ദോശയും ചായയും ആ നിമിഷം തന്നെ വിയർപ്പായി  ഒലിച്ചു തറയിൽ വീണു.ലിവിംഗ് റൂമിൽ വച്ച പോലെ 8 അടി പൊക്കവും 5 അടി വീതിയും ഉള്ള ജനൽ ബാത്‌റൂമിൽ പിടിപ്പിച്ചു വച്ചിരിക്കുന്നു.ബിജി ചുറ്റുപാടും നോക്കി.ഓടി രക്ഷപെട്ടലോ ?സാമാന്യം ആരോഗ്യമുള്ള ക്ലയന്റ് വാതിൽക്കൽ നിൽക്കുന്നതിനാൽ ആ വഴിയടഞ്ഞു.രാധു സകല ദൈവങ്ങളേം വിളിച്ചു പ്രാർഥിച്ചു .എങ്ങനേലും രക്ഷിക്കണേ.ജിംബ്രുവും പാണ്ടുവും കൂടി വരച്ച വർക്കിംഗ്‌ ഡ്രോയിംഗ് ആണ്.അവന്മാരെ അരച്ച് പേസ്റ്റ് ആക്കി ചുവരിൽ തേക്കണം .എന്നാ പണിത മണി മേസ്തിരിക്ക് വേണ്ടേ വിവരം.അങ്ങേരുടെ ആസനത്തിൽ സിമെന്റിട്ടു അടച്ചു സീൽ ചെയ്യണം.എൻറെ മുടിപ്പുര അമ്മച്ചീ കാത്തോളണേ .
ആർക്കിറ്റെക്ചരിന്റെ ആദ്യാക്ഷരം പഠിപ്പിച്ച അശോക്‌ സാറിനെയും  തള്ളിന്റെ മഹാസാഗരത്തിൽ ഊളിയിട്ടർമാദി ക്കുന്ന കാസിമിനേയും മനസ്സിൽ  ധ്യാനിച്ച്‌ രാധു തുടങ്ങി.
"ഈ വിൻഡോ ഞങ്ങൾ ഇങ്ങനെ ഡിസൈൻ ചെയ്തതാണ് സർ."
ക്ലയന്റ് പകച്ചു "തന്നെ,എന്തരിനു?"
അതാണ്‌ എനിക്കും അറിയാൻ പാടില്ലാത്തത് .ഈ ജനൽ ഇവിടെ ഉണ്ടെങ്കിൽ രണ്ടു പെണ്‍പിള്ളാരുള്ള ഇങ്ങേരുടെ വീടിന്റെ ഈ സൈഡിൽ രണ്ടു നേരം പൂരത്തിനുള്ള ആളുണ്ടാകും.ടിക്കെറ്റ് വച്ചാൽ നല്ല വരുമാനമായിരിക്കും .എന്റെ ദൈവമേ ഞാൻ ഇന്ന് മേടിക്കും.രാധു തുടർന്നു .
"സർ,നമ്മൾ ആക്ച്വലി ഇതിനോട് ചേർന്ന് ഒരു പൂൾ കം  കോർട്ട് യാഡ് കൂടി ഡിസൈൻ ചെയ്തിട്ടുണ്ട്.അതിലേക്കുള്ള വിഷ്വൽ അക്സെസ്സ് ആണ് ഈ വിൻഡോ .സാറിനെ പോലെ ലോക പരിചയം ഉള്ള ആളുകളുടെ വീട്ടിൽ മാത്രമേ ഞങ്ങൾ ഇതൊക്കെ പ്രോപോസ് ചെയ്യാറുള്ളൂ .ചില കണ്ട്രി ക്ലയന്റ്സ് ആണെങ്കിൽ ഇപ്പൊ തന്നെ ഇത് മാറ്റി വെന്റിലേറ്റർ വയ്ക്കാൻ പറഞ്ഞേനെ."
പിന്നെ അറിയാവുന്ന കടിച്ചാൽ പൊട്ടാത്ത ആർകിറ്റെക്ചർ പദങ്ങൾ എടുത്ത്  രാധു തലങ്ങും വിലങ്ങും വീശി.പർഗോള ,ഫോം ,പ്രപോഷൻ ,സ്കെയിൽ ,വ്യൂ ,വിസ്റ്റ ,മണ്ണാങ്കട്ട ,ഒലക്കേടെ മൂട് .... ക്ലയന്റ് കുപ്പിയിലായി.
"ഓ ,തന്നേ.എനിക്കും ത്വാന്നി .എന്തരായാലും കൊള്ളാം.ഈ പൂളും കോപ്പുമൊക്കെ കാണാൻ നല്ല ചന്തം ആയിരിക്ക്വല്ലോ അല്ലെ?.വേണോങ്കി നമ്മക്ക് അതില് മീനും വള ത്താം അല്ലീ ..?"
കിഴങ്ങൻ.പിലോപ്പിയേം ചാളേം ഒക്കെ വളർത്തി രാവിലെതന്നെ ബാത്‌റൂമിൽ നിന്ന് ചൂണ്ടയിട്ടു പിടിച്ചു പെമ്പ്രന്നോത്തിയെ കൊണ്ട് ഫ്രൈ ചെയ്തടിക്കാം എന്ന് പറയണമെന്നുണ്ടായിരുന്നു .പക്ഷെ രാധു മൗനം ഭജിച്ചു.ബിജി, തല്ല് കിട്ടാത്തതിന്റെ ആശ്വാസത്തിൽ മുന്നിൽ  കണ്ട മേസ്തിരിയെ പടവ് ശരിയാവാത്തതിനു നാല് തെറി പറഞ്ഞു.
ക്ലയന്റ് ചോദിച്ചു "മ്വാനെ ,ഈ വീടിന്റെ മുന്നില് വെറുതെ കൊറേ കമ്പ് പോലെ ബീമുകള് ചെയ്തു വച്ചിരിക്കണത് എന്തരിനാണ് ?"
രാധു എയർ പിടിച്ചു കൊണ്ട് മറുപടി നല്കി."ഓ അത് പർഗോളയാണ് സർ ,ഞാനും കൊബുസിയറും ,ഫ്രാങ്ക് ലോയ്ഡ് റൈറ്റും ഒക്കെ ചെയ്യുമ്പോൾ ഇങ്ങനെ ഫോമിനു വേണ്ടി ചില തോന്ന്യാസങ്ങൾ ഒക്കെ കാണിച്ചെന്നു വരും.മൈൻഡ് ചെയ്യണ്ട.സാറിന്റെ വീട് ഞാൻ ഒരു വഴിക്കാക്കി തരും.കഴിഞ്ഞാലുടനെ മാഗസീനിൽ വരും."ക്ലയന്റ് രാധൂന്റെ വായ്താരിയിൽ ചറക്കി വീണു ഫ്ലാറ്റ് ആയി.
ജീവൻ  രക്ഷപെട്ട ആശ്വാസത്തിൽ നാൽവർ  സംഘം സൈറ്റിൽ നിന്നിറങ്ങി.സംഭവം കാരണം ക്ലയന്റിനു 2,3 ലക്ഷം എക്സ്ട്രാ നഷ്ടം .ആ പിന്നെ ഒരു ആർകിറ്റെക്റ്റ് ചെയ്യുമ്പോൾ അതൊക്കെ പറഞ്ഞിട്ടുള്ളതാണ് .മാരുതി മേടിക്കുന്നവന്റെ ചെലവല്ല ബെൻസ് മേടിക്കുന്നവന്.അതൊക്കെ മനസ്സിലാക്കാൻ പറ്റാത്ത ഊള കണ്ട്രി ക്ലയന്റ്സിനെ നമുക്കാവശ്യമില്ല.രാധു സമാധാനിച്ചു.
------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
രാധുവിന്റെ സ്മാർട്ട്‌ ഫോണ്‍ വീണ്ടും ചിലച്ചു
"ഹലോ  സർ നാൻ സെന്നൈ യിൽ നിന്ത് പേസറെ ...രാധാകൃഷ്ണൻ സർ താനേ?"
"അതെ....ആമാ...."(ആമയോ,ഓ  എനിക്ക് തമിഴും അറിയാം....ഞാൻ പുലിയല്ലേ?)
"സാർ ,നാൻ തമിൾ നാട് ട്രൈബൽ മിനിസ്റ്റർ ലിങ്കു സാമിയോട സെക്രട്ടറി കുപ്പുസാമി .അവരോട വീട് ഡിസൈൻ പണ്ണഋതുക്ക് ഉങ്കളെ ഇൻവയ്റ്റ് പണ്ണഋതുക്ക് താൻ കൂപ്പിട്ടത്.നാൻ ഉങ്കളുക്കു ഫ്ല്യ്റ്റ് ടിക്കറ്റ് അനപ്പി വക്കരേൻ ."
രാധു ഞെട്ടി.ഓ എന്റെ പ്രശസ്തി ഇന്ത്യയും കടലും കടന്നു അങ്ങ് തമിൾ നാട്ടിൽ വരെ എത്തിയിരിക്കുന്നു.
"സരി ,സരി ..നാൻ റൊമ്പ ബിസിയാന ആർകിറ്റെക്റ്റ് ...ആനാലും നീങ്ക ടിക്കറ്റ്‌ കൊടുങ്ക നാൻ വറേൻ "
ബിജി ഞെട്ടി.രാധു തമാശിച്ചതാണാ ?ഏതു കിഴങ്ങനാണ് നമുക്ക് ഫ്ലയ്റ്റ് ടിക്കെറ്റ് എടുത്തു തരുന്നത്?ഇവനൊക്കെ നല്ല പണി നാട്ടിൽ കിട്ടഞ്ഞിട്ടാണോ ഫ്ലയ്റ്റ് ടിക്കെറ്റും തന്നു തിരോന്തരത്തൂന്നു പണി ഇറക്കുമതി ചെയ്യുന്നത്?
"ഇതൊക്കെ വല്ല തട്ടിപ്പും ആയിരിക്കുമോ?" ബിജി ചോദിച്ചു."ലിങ്കു സാമി എന്നൊക്കെ പറയുമ്പോൾ മലയാളത്തിൽ ...ഛെ..ഇതൊക്കെ ഒള്ളതാണോഡേ"
"എടാ .നിനക്ക് എന്റെ പ്രശസ്തിയെ കുറിച്ച് അറിയാഞ്ഞിട്ടാ .ഇത് മന്ത്രി തന്നെ.കൊടൈക്കനാലിലെ ആ ചള്ള് വർക്ക് കണ്ടു വിളിച്ചതാ .തലയ്ക്കു സ്ഥിരമില്ലാത്ത ഏതോ ഒരുത്തനാ.നമുക്ക് തകർക്കാം."
'നമ്മൾ ഇതിനു മുമ്പ് പ്ലയിനിൽ കേറിയിട്ടില്ലല്ലോ ?"
"ഇങ്ങനെയൊക്കെ അല്ലെ കേറുന്നത്?"
രാധു അപ്പൊ തന്നെ പോയി വെള്ള ലിനെൻ ഷർട്ടും പാൻറ്സും കറുത്ത കൂളിംഗ് ഗ്ലാസ്സും മേടിച്ചു.ബിജി ജീൻസും എക്സിക്യൂട്ടീവ് ഷർട്ടും റ്റയ്യും .
പിറ്റേന്ന് പുലർച്ചെ തന്നെ രണ്ടു പേരും ആകാശ നൗകയിലെ സ്പോന്ജ് കസേരകളിൽ ഉപവിഷ്ടരായി.
"ഡേയ്,എനിക്ക് ചെറിയ പ്യേടി ഒണ്ട് കേട്ടാ ,നീ ആ പൈലറ്റിനു മരിയാദക്കു ഓട്ടി ക്കാനറി യാമോന്നു ഒന്ന് ച്വാദീര്  "
"പരസ്യത്തിലൊക്കെ കാണുന്ന പോലെ എയർ ഹൊസ്റ്റെസ്സ് മുട്ടൻ ചരക്കയിരിക്ക്വോഡെ ?"
"പ്ലേനിൽ വച്ച് അപ്പീടാൻ മുട്ടിയാ എന്തെര് ചെയ്യും ?"
പല വിധ ചിന്തകൾ ആർകിട്ടെക്റ്റ് ദ്വയത്തിന്റെ അന്തരാളത്തെ മഥിച്ചു .
പ്ലേയ്ൻ റണ്‍ വേയിൽ ഓടാൻ തുടങ്ങി .സ്പീഡ് കൂടിയപ്പോൾ രാധു വിറച്ചു.പ്ലെയിനിന്റെ സ്പീഡ് കൂടി വന്നു.പെട്ടെന്ന് ദിഗന്തങ്ങൾ പൊട്ടുമാറ്‌ രാധു അലറി."അയ്യോ ,എന്റെ ചെവി പൊട്ടുന്നേ .അയ്യോ ,എന്റമ്മൊ ."എയർ ഹൊസ്റ്റെസ്സ് ഓടി വന്ന് രാധുവിന്റെ ചെവിയിൽ പഞ്ഞി തിരുകി കൊടുത്തു.ഇനി ഒച്ച വച്ചാൽ വായിൽ കൂടി തിരുകും എന്ന മുഖഭാവമായിരുന്നു അവളുടെ മുഖത്ത്.അഹങ്കാരി.ഇങ്ങനെ പോയാൽ എൻറെ മൂക്കിലും കൂടി പഞ്ഞി വച്ചിട്ടേ എവളുമാര് വിടൂ.പ്ലെയിൻ കൂടുതൽ വേഗതയിൽ വായുവിൽ ഉയരാൻ തുടങ്ങി.രാധുവിന്റെ വയറ്റിൽ മുൻപെങ്ങും അനുഭവപ്പെടാത്ത ഒരു ഉരുണ്ടു കയറ്റം.
"ബിജീ ഡേയ് ,ഞാനിപ്പോ വാള് വെക്കും."
"എയർ ഹൊസ്റ്റെസ്സ് ചേച്ചി ദേണ്ടെ ഇവന് വാള് വെക്കണമെന്ന്..."ബിജി കാറി.
അവർ ദൂരെയാണ് .അവിടെ നിന്ന് കൊണ്ട് അവർ മുൻ സീറ്റിന്റെ  പിറകിലേക്ക് കൈ ചൂണ്ടി.ബിജിക്ക് ഒന്നും മനസ്സിലായില്ല .എന്തായാലും ഈ സമയത്തിനുള്ളിൽ എല്ലാ തടസ്സങ്ങളും ഭേദിച്ച് രാധുവിന്റെ വാൾ പുറത്തു ചാടിയിരുന്നു.രാധുവിന്റെ വെള്ള ഷർട്ട് ശർദ്ദിൽ വിസ്ഫോടനത്തിൽ കുതിർ ന്നു .ബിജി പിന്നെയും എയർ ഹൊസ്റ്റെസ്സിനെ നോക്കി.അവർ പിന്നെയും മുൻ സീറ്റിന്റെ  പിറകിലേക്ക് കൈ ചൂണ്ടി.
"ഡാ മുന്നിലത്തെ സീറ്റിന്റെ പിന്നിലുള്ള ആ സഞ്ചി വലിച്ചു വാള് വച്ചോ."
മാഗസീനും മറ്റും വച്ചിരുന്ന എലാസ്ടിക് സഞ്ചി വലിച്ചു രാധു നിർബാധം വാളുകളുതിർത്തു .
വിമാനം പൊ ങ്ങിക്കഴിഞ്ഞപ്പോൾ എയർ ഹൊസ്റ്റെസ്സ് വന്നു കലി പ്പിച്ചു നോക്കിയിട്ട് മറ്റൊരു സീറ്റിന്റെ പിൻഭാഗത്ത്‌ നിന്ന് ഒരു പ്ലാസ്റ്റിക്‌ കവർ എടുത്തു കാണിച്ചു.അവർ നേരത്തെ ചൂണ്ടിക്കാണിച്ചപ്പോൾ ഉദ്ദേശിച്ചത് എല്ലാ സീറ്റിന്റെ ബാക്കിലും അങ്ങനൊന്നു വച്ചിട്ടുണ്ട് എന്നാണ്.പകരം സീറ്റിന്റെ പിൻഭാഗം മൊത്തം വാള് വച്ച് കൊളമാക്കിയതിന്റെ കലി പ്പാണ വർക്ക്‌ .
ഫ്ലൈറ്റ് മദിരാശിയിൽ ലാൻഡ്‌ ചെയ്തു.എലി പുന്നെല്ലു കണ്ട മാതിരി രണ്ടു പേരും എയർപോർട്ടിൽ ചുറ്റി നടക്കുന്നതിനിടയിൽ ഫോണ്‍ വന്നു.പിക് ചെയ്യാൻ ആളെത്തിയിട്ടുണ്ട്‌.തൻറെ വാളിൽ കുതിർന്ന ലിനൻ ഷർട്ടുപെക്ഷിച്ച് രാധു ജീന്സും ടി ഷർട്ടും ഇട്ടു.ഒഫീഷ്യൽ വെള്ള ഡ്രസ്സ്‌ പോയെങ്കിലും കറുത്ത കൂളിംഗ് ഗ്ലാസ്‌ രാധു മാറ്റിയില്ല.
==============================
=================================================================================
സ്റ്റേറ്റ് ബോർഡ് വച്ച വെള്ള സുമോ കാർ വളഞ്ഞും പുളഞ്ഞും നഗര ധമനികളിലൂടെ പ്രയാണം തുടർന്നു .നഗരക്കാഴ്ചകൾ കണ്ടു വാ പൊളിച്ചിരിക്കുന്ന രാധൂന്റെം ബിജീടെം മുഖം നാടോടിക്കാറ്റിലെ ദാസനേം വിജയനേം അനുസ്മരിപ്പിച്ചു.എല്ലാത്തിനും അതിന്റെതായ ഒരു സമയമുണ്ട് മോനെ രാഷ്ണാ..
വലിയൊരു മണി മന്ദിരത്തി നു മുന്നിൽ വണ്ടി നിന്നു .m g r സിനിമകളിൽ കാണാറുള്ള തരം ഒരു വലിയ ഹാളിലേക്ക് അവർ ആനയിക്കപെട്ടു .ചുവന്ന പരവതാനി വിരിച്ച ഗോവണിപ്പടികൾ രണ്ടു വശത്തേക്ക് കയറിപ്പോകുന്നു.നിലത്തു ചെസ് ബോർഡിലെ കളങ്ങൾ പോലെ വെള്ളയും കറുപ്പും ടൈലുകൾ .ചുവരിൽ മാനിന്റെയും പോത്തിന്റെയും തലകൾ.
"ഡേ ,എന്തോന്നടെ ഇത്,കണ്ടിട്ട് കൊള്ള സങ്കേതം പോലുണ്ടല്ലോ?"
രാധുവിനും ചെറിയ ഭീതി തോന്നാതിരുന്നില്ല .
ഒരു കപ്പടാമീശക്കാരൻ വന്നു രണ്ടു പേർക്കും ചായ കപ് കൈമാറിക്കൊണ്ട് പറഞ്ഞു."തലൈവർ ഒരു ചർച്ചക്ക് പോയിരിക്കുറാറ് .കൊന്ജം നേരത്തുക്കുള്ളേ നീങ്കളെ പാപ്പോം."
ഓ സരി .രണ്ടു പേരും തലയാട്ടി.
കുറച്ചു നേരം കഴിഞ്ഞു 20 കാറിന്റെ അകമ്പടിയോടെ ഒരു വെള്ള സുമോ കാർ വീടിന്റെ പോർച്ചിൽ വന്നു നിന്നു.'തലൈവർ വാഴ്ക ' വിളികളാൽ അവിടം മുഖരിതമായി.രാധുവും ബിജിയും എഴുന്നേറ്റു തിരിഞ്ഞു നോക്കി.ആദ്യം കടന്നു വന്നത് 2 ഘടാഘടിയന്മാരാണ് .കണ്ടാലറിയാം അങ്ങേരുടെ ബോഡി ഗാർഡ്സ് ആണെന്ന്.അവരുടെ തോളിനു മുകളിലൂടെ,പിറകിലൊളിപ്പിച്ച തിരുപ്പാച്ചി അരിവാളിന്റെ പിടികൾ കണ്ട് രാധുവിന്റെ ഉള്ള് കിടുങ്ങി.പിന്നീട് വാതിൽ  കടന്നു വന്നത് ഒരു കുടവയറാണ് .വയറിതാ മുൻപേ ഞാനിതാ പിറകെ എന്ന മട്ടിൽ .സമ്പൂർണ ഗോളാകൃതിയിലുള്ള ഒരു രൂപം.തൊട്ടു കണ്ണെഴുതാൻ പാകത്തിലുള്ള നിറം.മുഖത്തെ ക്രൗര്യം ആരെയും ഭയപ്പെടുത്തും.ധർമരാജ നോവലിലെ ചന്ത്രക്കാറൻ ലുക്ക്‌.മന്ത്രിയെ കാണാൻ വന്ന ഉദ്യോഗസ്ഥ സംഘം വാതിൽക്കൽ കാത്തു നില്പ്പുണ്ടായിരുന്നു.അവരോടു അദ്ദേഹം കോപത്തിൽ സംസാരിച്ചു.
"അന്ത പോറം ബോക്ക് കേരള മിനിസ്റ്റരെ നാൻ സീവിടുവെൻ .അവനുക്ക് എന്നെ നല്ലാ തെരിയാത് . തുണ്ടം തുണ്ടമാ വെട്ടി മുല്ലപ്പെരിയാറിലെ പോട്ടിടുവെൻ.അപ്പോൾ താൻ അവനു തൂക്കം വരും.തിരുട്ടു മുണ്ട്രം .നീങ്ക കവലപ്പെട വേണ്ടാ.തണ്ണി കണ്ടിപ്പാ കെടയ്ക്കും ."
അപ്പോൾ അതാണ്‌ വിഷയം.ഡാം ,വെള്ളം,മുല്ല, പെരിയാർ ...എന്തെല്ലാമോ പത്രത്തിൽ കണ്ടിരുന്നതായി രാധു ഓർത്തു .ഫസ്റ്റ് പേജ് തീരെ ശ്രദ്ധിക്കാത്തത് കൊണ്ട് ഡീറ്റൈൽസ് അറിയില്ല.അല്ലെങ്കിൽ തന്നെ വൈ ഷുഡ് ആർകിറ്റെക്റ്റ്സ് ബി ഇന്റ്രെസ്റ്റെഡ് ഇന് പോളിടിക്സ് ?സീരിയൽ നടിമാര് ,സിനിമാ താരങ്ങൾ ,അവരുടെ കല്യാണം ,ഡിവോഴ്സ് പിന്നെ ടെന്നീസ് താരങ്ങളുടെ ചിത്രങ്ങൾ ഇതൊക്കെയാണ് നമുക്ക് വേണ്ടത്.മറ്റൊന്നും കൊണ്ടല്ല, നമ്മുടെ മേഖല സാംസ്കാരികവും  താല്പര്യം കായികവും ആയതു കൊണ്ട് മാത്രം.
മന്ത്രി വന്നു."വണക്കം.ഉക്കാ രുങ്കെ.യാത്രയെല്ലാം സുഖമായിരുന്തുതാ ?"
'ഓ,എല്ലാം സുഖം."
"ഓകെ ,നമ്മ വീട് ഡിസൈൻ പണ്ണണം .പാത്താ കൊട്ടാരം മാതിരി ഇരിക്കണം.പണം ഒരു പ്രച്ചനൈ ഇല്ലൈ.നാൻ എൻ മനൈവിയെ കൂപ്പിടരെൻ."
രാധുവിന്റെ ഹൃദയം തുടിച്ചു .മൊത്തം ടീലിംഗ്സ് ഇനി അക്കനും ആയിട്ടാവാം.റൊമ്പ  നല്ലത്.ഞാൻ കലക്കും.അക്കൻ കടന്നു വന്നു.അതി മനോഹരിയായ അക്കനെ കണ്ടു രാധുവിന്റെം ബിജീടെം വാ പിളർ ന്നു പോയി.പക്ഷെ ചുറ്റും നില്ക്കുന്ന ഘടാഘടിയന്മാരുടെ കണ്ണുകളെ ഭയന്ന് അവർ ടീസെന്സി കീപ്‌ ചെയ്തു.അവന്മാരുടെ കയ്യിലെ വാളുകൾ.ഒടുക്കത്തെ മൂർച്ചയായിരിക്കും .കലിപ്പ് വല്ലതും കാണിച്ചാൽ വെട്ടി തുണ്ടമാക്കി ബീഫിന്റെ കൂടെ കേരളത്തിലേക്ക് കേറ്റി വിടും.
മന്ത്രിയുമായി കമ്പനിയായിട്ട് വേണം ഈ ടീംസിനെ കൊണ്ട് നാലഞ്ചു പേരെ തല്ലിക്കാൻ.രാധു മനസ്സിലുള്ള ലിസ്റ്റ് പരിശോധിച്ചു .അപ്പി ബിജു,കാള ശശി ,തൊരപ്പൻ അവറാൻ,ഡുംടു വിക്രമൻ ....അവന്മാരോടുള്ള ശത്രുത അതൊരു ഫ്ലാഷ് ബാക്കാണ് . പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ടീച്ചറുടെ മകളും സുന്ദരിയുമായ ഒരു പെണ്‍കൊടിയെ രാധു വളച്ചു.അന്ധയെന്നും മന്ദബുദ്ധി യെന്നുമുള്ള വിളികൾ കേൾക്കേണ്ടി വന്നപ്പോഴും അവൾ രാധുവിനോടുള്ള പ്രണയം ഒരു ചിപ്പിക്കുള്ളിലെ മുത്ത്‌ പോലെ സൂക്ഷിച്ചു.ഇത് കണ്ട ചില എമ്പോക്കികൾക്ക്  അസൂയയായി .പ്രേമം ഊട്ടിയുറപ്പിക്കാൻ പിൻഭാഗത്തെ മാർദവ പരിശോധനയാണ് ഏറ്റവും എഫ്ഫെക്റ്റീവ് ആയ മാർ ഗം എന്ന് അവർ രാധൂനെ വിശ്വസിപ്പിച്ചു .നിഷ്കു രാധു അതു തൊണ്ട തൊടാതെ വിഴുങ്ങി.മുഖത്തെ ചെരിപ്പിന്റെ പാടും പുറത്തെ ചൂരലിന്റെ പാടും ഉണങ്ങിയെങ്കിലും ഇന്നും ഉണങ്ങാത്ത മുറിവുകൾ രാധുവിന്റെ ഹൃദയത്തിൽ അവശേഷിപ്പിച്ചു.എല്ലാത്തിനേം ഇവന്മാരെ കൊണ്ട് പഞ്ഞിക്ക് ഇടീപ്പിക്കണം .
അക്കനാണ് ആദ്യം മൊഴിഞ്ഞത്.രാധുവിനെ നോക്കി അവർ പറഞ്ഞു.
"നീങ്കൾ മലയാളി താനെ..പാത്താ  നമ്മ ആൾ...തമിൾ  മാതിരി  തെരിയ്തേ ."
അതൊരു കൊമ്പ്ലിമെന്റാണോ എന്ന് രാധുവിന് മനസ്സിലായില്ല .എന്തായാലും അക്കനെ നോക്കി വെളുക്കെ ഇളിച്ചു."നാൻ മലയാളി താൻ"
പിന്നെ കൊറേ നേരത്തേക്ക് ഭയങ്കര ഡിസ്കഷൻ ആയിരുന്നു.ബെഡ്രൂം ,അടുക്കള ,10 കാറിനുള്ള പോർച് ,പൂന്തോട്ടം ,നടുമുറ്റം ,സെക്യൂരിറ്റി ക്യാമറ,ആന,ചേന, പിന്നെ പതിവ് പോലെ ഡബിൾ ഹൈറ്റ് ,ഫോം,ലാൻഡ്‌സ്കയ്പ് ,വ്യൂ,സ്കയ്ൽ ,പ്രൊപൊഷൻ ,ഹാർമണി ,തേങ്ങാ കൊല ..ഒടുവിൽ ഡിസ്കഷൻ ബാത്ത് റൂമിലെത്തി .
"ബാത്ത് റൂമെന്നാൽ വെറും കുളി മുറിയായിട്ടല്ല ,അതിലുപരി റിലാക്സ് ചെയ്യാനുള്ള സ്പേസ് ആയിട്ടാണ് ഞങ്ങൾ ഡിസൈൻ ചെയ്യാറുള്ളത്."അക്കന്റെ മുഖത്തെ കൻഫ്യൂഷൻ കണ്ടു രാധു ഭാഷ മാറ്റി."നാങ്ക റൊമ്പ അഴകാന ഡിസൈൻ ഒരുപാട് ബാത്ത്രൂമുകളിൽ പണ്ണിയിട്ടുണ്ട്."
ഇത് കേട്ട് ബിജി കണ്ട്രോൾ വിട്ടു ചിരിച്ചു പോയി.ചിരിയെ ഒരു ചുമ കൊണ്ട് ഫോളോ അപ്പ്‌ ചെയ്തു തല്കാലം രക്ഷപെട്ടു.
"നമുക്കുള്ള ഗ്യാസ് ഉൽപ്പാദിപ്പിക്കാനായി ഒരു ബയോ ഗ്യാസ് പ്ലാന്റ് സെറ്റ് ചെയ്യാവുന്നതാണ്."
പെട്ടന്നാണ് മുറി മുഴുവൻ പ്രകമ്പനം സൃഷ്ടിച്ചു കൊണ്ട് ആ ശബ്ദം കേൾവിപെട്ടത്.അത് ആ വലിയ മുറിയുടെ ചുവരുകളിൽ തട്ടി മാറ്റൊലി കൊണ്ടു .അത്തരം ഒരു ശബ്ദം ഇതിനു മുമ്പ് രാധു കേട്ടത് തമിഴൻ ലോറിയുടെ ആക്സിൽ ഒടിഞ്ഞു റോഡിൽ ഉരഞ്ഞപ്പോളാണ്‌ .പർർർ ർർർ.....ശബ്ദം കേട്ട ദിക്കിലേക്ക് നോട്ടം തിരിയുക സ്വാഭാവികം ആണല്ലോ.രാധുവും ബിജിയും മിനിസ്റ്ററെ നോക്കി.ശബ്ദം ഉത്ഭവിച്ചത്‌ അദ്ദേഹത്തിന്റെ പിന്ഭാഗത്ത്‌ നിന്നാണെന്നു മനസ്സിലാക്കാൻ അവർക്ക് ബുദ്ധിമുട്ടുണ്ടായില്ല.ചിരിയടക്കാൻ അവർ ശ്വാസം പിടിച്ചു.ചിരിച്ചു പോയാൽ അവരുടെ എല്ല് പൊടി  പോലും വീട്ടില് എത്തില്ലെന്ന് ബോഡി ഗാട്സിന്റെ മുഖത്തുള്ള നിർഗുണ ഭാവം വ്യക്തമാക്കി.ഇങ്ങനെയുള്ള പല കസർത്തുകളുമായി ഒന്നൊന്നര മണിക്കൂർ കടന്നു പോയി.ആർകിറ്റെക്ചെർ ഡിസ്കഷൻ കഴിഞ്ഞു.എങ്കിലും എയർ വിടാൻ സമയമായില്ലെന്ന് രാധുവിനറിയാം.തള്ളി മരിച്ചോളണം .നമ്മുടെ  തലക്കകത്ത് പിണ്ണാക്കാണെന്ന് ഒരാളെയും അറിയിക്കരുത്.പറ്റുമെങ്കിൽ ബുർജ് ഖലീഫ വരെ ഡിസൈൻ ചെയ്തത് ഞാനാണെന്ന് തട്ടി വിട്ടേക്കണം .തള്ളിൽ നമ്മുടെ ഉസ്താദ് പറഞ്ഞു തന്ന പൊന്നറിവുകൾ  രാധു മനസ്സില് ഊട്ടിയുറപ്പിച്ചു.മിനിസ്റ്റെർ ചോദിച്ചു.
"നീങ്കള്ക്ക് കേരള ഇറിഗെഷൻ മിനിസ്റ്റെർ തെരിയുമാ?"
കിട്ടിയ അവസരമാണ് പാഴാക്കരുത് .എല്ലാ മന്ത്രിമാരായിട്ടും മച്ചാ മച്ചാ കമ്പനിയാണെന്ന് തള്ളിയേക്കാം.ഇമ്പ്രെഷൻ കൂമ്പാരമാകുമ്പോൾ ഫീസ്‌ ഗംഭീരമാകും.രാധു ചിന്തിച്ചു.
"തെരിയുമൊന്നാ ...പുള്ളി നമ്മ സ്വന്തം ആള് താനേ..നാനും അവനും മച്ചാ മാതിരി..ഒരേ പാത്രത്തീന്  ഉണ്ട്...ഒരേ പായിൽ കെടന്ന്...ഒന്നും പറയണ്ട."
"അപ്പടിയാ.."മന്ത്രി ചുറ്റുമുള്ളവരെ ഒന്ന് നോക്കി.അവരിൽ ചിലരുടെ പല്ല് ഞെരിയുന്ന ശബ്ദം രാധുവിന്റെ കാതിലും പതിച്ചു.
"ഡേയ് .തൂക്കടാ അവനെ..ഇവനെ പോട്ട്  മുല്ലപ്പെരിയാറിലെ  തട്ട്.അന്ത പൊറുക്കി മന്ത്രിയോട മച്ചാൻ താനേ...ഇവനാലെ അവനോട തിമിരെമുടിക്കണം"
അയ്യോ പണി പാളി .ഈ മറുതകൾക്ക് ഇരയാവാനാണോ ഈശ്വരാ എന്റെ നാവിൽ അസമയത്ത് തള്ള് സരസ്വതി വിള യാടിയത്.
"ഏയ്‌ .അങ്ങനെയോന്നുമില്ലാ....ഞാൻ അങ്ങേരെ ഒരു പ്രാവശ്യം കണ്ടിട്ടുണ്ട് ,അത്രേ ഉള്ളൂ..."രാധു പറഞ്ഞൊപ്പിച്ചു.ഈ സമയത്തിനുള്ളിൽ നാല് തടിയന്മാർ കൂടി രാധൂനെ എടുത്തു വായുവിൽ നിരത്തി.
"അയ്യോ അയ്യൂ ..." രാധു അലറിക്കരഞ്ഞു ."ലേലു അല്ലൂ ...ലേലു അല്ലൂ...എന്നെ ഇറക്കി വിടേ ..."
ഇതിനിടയിൽ രാധുവിന്റെയും ബിജിയുടെയും കണ്ണുകൾ ഉടക്കി സൂത്രം മെനഞ്ഞു.രാധു ഒരു തരത്തിൽ കുതറി നിലത്തു നിന്നു.എന്നിട്ട് സകല ശക്തിയും എടുത്തു ആക്രോശിച്ചു .
"വിട മാട്ടെ ....വിട മാട്ടെ ...അപ്പൊ നീ എന്നെ ഇങ്കെ നിന്നും എങ്കെയും പോവ വിട മാട്ടെ ...അയോഗ്യ  നായെ ...ഇന്നേക്ക് ദുർഗാഷ്ടമി ....ഉന്നൈ  കൊന്നു ..ഡാമും തകർത്ത്...എല്ലാത്തിനേം മുക്കി കൊന്നിടുവെൻ..." അടുത്ത് കിടന്ന സോഫ പോക്കാൻ ശ്രമിച്ചു പരാജയപെട്ടു  അടുത്ത് കിടന്നിരുന്ന  ഒരു പ്ലാസ്റ്റിക്‌ കസേര എടുത്തു രാധു വായുവിൽ  ഉയർത്തിപ്പിടിച്ചു.രാധുവിന്റെ ഭാവമാറ്റം കണ്ടു എല്ലാവരും പകച്ചു.ആ ഗ്യാപ്പിൽ ബിജി പറഞ്ഞു.
"അവനെ വിട്ടിടുങ്ക സർ..അവനു പൈതിയം....പൈതിയക്കാരാൻ...കഴിഞ്ഞ വാരം താൻ ഹോസ്പിറ്റലിൽ നിന്തു ഡിസ്ചാർജ് ആയത്....മന്നിക്കണം അയ്യാ"
മന്ത്രി രാധൂനെ നോക്കി."പൈതിയമാ ...മുതൽ തടവ്‌ പാ ത്തപ്പോഴേ  എനിക്ക് തെരിഞ്ചത് .ഏതാവത് പാണ്ടി ലോറിയിലെ ഏത്തി വിടുങ്കടാ ...ഇനി എൻ  കണ്‍ മുന്നാടി വര കൂടാത്."
"സരി ...അണ്ണാ..."
========================================================================================================================
തമിഴൻ ലോറിയുടെ കാബിനിൽ തല കുനിച്ചിരുന്ന രാധാകൃഷ്ണനോട് ബിജി ചോദിച്ചു..
"എന്തായാലും അക്കൻ മുറ്റു പീസ്‌ തന്ന ല്ലേ?"
രാധു ബിജിയെ രൂക്ഷമായി ഒന്ന് നോക്കുക മാത്രം ചെയ്തു.പിന്നെ ബുർജ് രാധാകൃഷ്ണയുടെ ഡിസൈൻ ചിന്തകളിൽ മുഴുകി...

No comments:

Post a Comment