പ്രാഗിന്റെ
അരഞ്ഞാണ്‍ വിൽറ്റാവ നദി .അവൾ നിർബാധം ഒഴുകുകയാണ്.ഇരുകരകളെ ബന്ധിക്കുന്ന
പാലങ്ങൾക്കടിയിലൂടെ .ചരിത്രത്തിന്റെ വേപഥു പേറുന്ന കെട്ടിടങ്ങൾക്കും
കരക്കും നടുവിലൂടെ ശാന്തമായി ,എന്നെ പോലെ....
കല്ല് പതിച്ച വഴികൾ
..ഇരുവശവും ഉയർന്നു നില്ക്കുന്ന പൊക്കം കൂടിയ കോട്ടകൾ ..കൊത്തുപണികളും
തൊങ്ങലുകളും പ്രതിമകളും അലങ്കരിക്കുന്ന മണി സൗധങ്ങൾ ....എന്റെ മനസ്സ് പോലെ മത്തെവൂസ് .അവന്റെയാണ് ഈ അപാർട്ട്മെൻറ് .കഴിഞ്ഞ അഞ്ചു വർഷമായി എന്റെയും കൂടി പർണ്ണശാല .സ്വന്തം പേരിലുള്ള അനാഥാലയം എന്നാണ് അവൻ അതിനെ വിളിച്ചിരുന്നത്.വിൽറ്റാവയിലെ ഓളപ്പരപ്പിൽ അനാഥമായി ഒഴുകുന്ന ചുള്ളിക്കമ്പുകൾ പോലെ ,അഞ്ചാണ്ട് മുൻപാണ് ഞാനും അവനും ഒന്നിച്ചു യാത്ര തുടങ്ങിയത്.ലക്ഷ്യമില്ലാത്ത ഒരു യാത്ര .കേരളത്തിലെ ഒരു പട്ടണത്തിൽ നിന്നുള്ള ഞാനും ഇവിടെ ജനിച്ചു വളർന്ന അവനും .മത്തെവൂസിൻറെ കലയും നഷ്ടവും മറ്റാരേക്കാളും എനിക്ക് മനസ്സിലാവും .ഉണ്ടായിരുന്ന ജോലി നഷ്ടപ്പെട്ട് വിശന്നു വലഞ്ഞു പ്രാഗിന്റെ ഒരു തന്തയില്ലാത്തെരുവിൽ സ്വയം നഷ്ടപ്പെടുമെന്ന് തോന്നിയ നിമിഷങ്ങളിലൊന്നിലാണ് പ്രകൃതി എന്റെ മുന്നിൽ മത്തെവൂസായി പ്രത്യക്ഷപ്പെട്ടത്.ആ രാവിൽ ആ തെരുവിൽ വിനോദസഞ്ചാരികളുടെ കനിവിന്റെ നടവാതിൽ തുറക്കുവാൻ സോപാനസംഗീതം ആലപിച്ചു കൈനീട്ടുമ്പോഴാണ് അവനെ ഞാൻ ആദ്യമായി കാണുന്നത്.യുഗങ്ങൾക്കപ്പുറമുള്ള ജീവിതത്തിൻറെ ആഡംബരങ്ങളിൽ ഒന്നായിരുന്നു എനിക്ക് സംഗീതം .എന്നാൽ അന്ന് , ഏറ്റവും സ്നിഗ്ദ്ധമായ കുടുംബക്ഷേത്ര സന്നിധിയിൽ കാലങ്ങൾക്ക് മുൻപ് എൻറെ മനസ്സിനെ ആർദ്രമാക്കിയ പുണ്യം- അനാഥമായ തെരുവിൽ ഓരം ചേർന്ന് നിന്ന് ഞാൻ കച്ചവടച്ചരാക്കാക്കുകയായിരുന്നു
മത്തെവൂസിൻറെ മുറിയിൽ നിന്നും ഗിറ്റാറിന്റെ അകമ്പടിയോടെ അവന്റെ സുന്ദര ശബ്ദം ഉണർന്നു .മനോഹരമായ പ്രേമഭാവങ്ങൾ ,വിൽറ്റാവയിലെ ഓളങ്ങൾ പോലെ,ആത്മനിർഭരമായ സുഗന്ധം പോലെ അവിടമാകെ പടർന്നു .അവൻ കരയും. ഈ പാട്ടിന്റെ ഒടുവിൽ ,പൊട്ടി പൊട്ടി ക്കരയും ആത്മാവ് നുറുങ്ങുന്ന വേദന സഹിക്കാതെ .അങ്ങനെ കരഞ്ഞ ഒരു നാളിൽ അവന്റെ കഥ അവെനെന്നോട് പറഞ്ഞതാണ് .രണ്ടു കൊല്ലത്തെ പ്രണയത്തിനും ആറു കൊല്ലത്തെ ഒന്നിച്ചുള്ള ജീവിതത്തിനും ശേഷം ജോണിനെ കാൻസർ തട്ടിയെടുത്ത കഥ .അന്ന് ഞാനും കരഞ്ഞു.എൻറെ ഉള്ളിൽ ഉറഞ്ഞു കൂടി പാറ പോലെ കട്ടിയായിരുന്ന മരവിപ്പ് പൊട്ടിയൊലിച്ചു പുറത്തേക്കൊഴുകി .
എപ്പോഴോ
കേട്ടിരുന്നു അവൾ വിവാഹിതയായെന്ന് .ഏതോ ഒരുത്തൻറെ ഇരുളടഞ്ഞ കിടപ്പറയിൽ
അവന്റെ കാമവെറി ഊർ ജ്ജം നല്കിയ താഡനങ്ങളിൽ അവൾ പുളഞ്ഞിരിക്കും ..ആ
കൂരിരുട്ടിൽ അയാളുടെ വിയർപ്പിന്റെയും രേതസ്സിന്റെയും ഒപ്പം അവളുടെ
കണ്ണീരും വീണിരിക്കും.എല്ലാം കഴിഞ്ഞു അറപ്പോടെ അവൾ ഛർദ്ദിച്ചിരിക്കും
.എനിക്കുറപ്പാണ് .അവളെ പൂ പോലെ താലോലിക്കാൻ എനിക്കേ കഴിയൂ.എനിക്കറിയാം.
വിൽറ്റാവക്കും
പ്രഹക്കും സ്വകാര്യത കൊടുക്കാനെന്നോണം സൂര്യൻ മറയുന്ന നേരത്തിനു മുന്നേ
തന്നെ ഞാൻ ചാൾസ് ബ്രിഡ്ജിൽ സ്ഥാനം പിടിച്ചിരുന്നു .വാഴ്ത്തപ്പെട്ടവരുടെ
പ്രതിമകൾ നോക്കി നിൽക്കെ ,മിഥുനങ്ങളുടെ സ്നേഹവേഴ്ചകളും ,പോക്കറ്റടിക്കാരുടെ
കുതന്ത്രങ്ങളും ടൂറിസ്റ്റുകളുടെ ആലസ്യവും ഞാൻ കണ്ടു.കന്യാമറിയവും
മഗ്ദലനമറിയവും യേശുവിനു വേണ്ടി കണ്ണീർ പൊഴിക്കുന്ന പ്രതിമയുടെ മുന്നിൽ അൽപ
നേരം നിന്നു .ഇവരെങ്കിലും അറിയുന്നോ വിൽറ്റാവയുടെ ദുഃഖം ....
നേരം
ഇരുട്ടിയപ്പോഴേക്ക് ഞാൻ അപാർട്ട് മെന്റിൽ തിരിച്ചെത്തിയിരുന്നു
.നടത്തത്തിന്റെ ക്ഷീണം എന്നെ ഉറക്കത്തിലേക്കു തള്ളി വിട്ടത് വളരെ
പെട്ടെന്നായിരുന്നു .ബാൽകണിയിലെ കസേരയിൽ നിന്ന് സ്വപ്നത്തിന്റെ കയറുകൾ
എന്നെ വലിച്ചു ഏതോ വിജനമായ നിരത്തിൽ കൊണ്ട് നിർത്തി .
ഞാൻ ഓടുകയാണ്
,അവളുടെ കരച്ചിൽ കേട്ട ദിക്കിലേക്ക് .പക്ഷെ എനിക്ക് ദിശ
തിരിച്ചറിയാനാകുന്നില്ല .അവളുടെ നെഞ്ച് പൊട്ടുന്ന കരച്ചിൽ പല ദിക്കിൽ
നിന്നുയരുകയാണ് .ഒടുവിൽ ദൂരെ ഒരു വിളക്ക് കാലിൻറെ കീഴിൽ ,അതിന്റെ മുഷിഞ്ഞ
മഞ്ഞ വെളിച്ചത്തിൽ ഒരു കൂട്ടം ചെന്നായ്മനുഷ്യരുടെ ഇടയിൽ പേടിച്ചരണ്ടു
കിടക്കുന്ന അവളുടെ രൂപം കാണായി .ഞാൻ അവിടേക്ക് സർവ ശക്തിയുമെടുത്ത് ഓടി
.ചെന്നായ്ക്കൾ എന്നെ തിരിഞ്ഞു നോക്കി.പക്ഷെ എനിക്ക് അടുത്തെത്താൻ
കഴിയുന്നതിനു മുൻപേ തന്നെ എന്റെ കൈകളിലും കാലുകളിലും കഴുത്തിലും കരി പുരണ്ട
വള്ളികൾ ചുറ്റിപ്പിടിച്ചു.പ്രാഗിന്റെ ജീർണിച്ച കെട്ടിടങ്ങളിൽ നിന്നും
കൊടിയ സർപ്പങ്ങളെ പോലെ ആയിരക്കണക്കിന് കരി പുരണ്ട വള്ളികൾ എന്നെ
ലക്ഷ്യമാക്കി പാഞ്ഞു വരികയാണ് .ഞാൻ ഉറക്കെ നിലവിളിച്ചു .എൻറെ മുഖവും ശരീരം
മുഴുവനും അവ വന്നു മൂടി എന്നെ അനങ്ങാനാവാത്ത വിധം ബന്ധിച്ചു .മുഖത്ത്
പടർന്ന വള്ളികളുടെ വിടവിലൂടെ ഞാൻ അവളുടെ മുഖത്തെ ദൈന്യത കണ്ടു.അവളുടെ
കണ്ണുകളിൽ നിന്നും ചോര വമിച്ചു.അത് കണ്ടു ചെന്നായ്ക്കളുടെ ആസക്തി
കൂടി.കൂട്ടമായിട്ടവർ അവളുടെ മുകളിൽ ചാടി വീണു.കൊടിയ മർദ്ദനങ്ങളിൽ അവ
രതിമൂർച്ഛ അനുഭവിച്ചു.ചോര വാർന്നു പൊയ്ക്കൊണ്ടിരുന്ന അവളുടെ ശരീരത്തിൽ
നിന്ന് ജീവൻ എത്രയും പെട്ടെന്ന് പറിഞ്ഞു പോകാൻ അവളെ പോലെ ഞാനും
പ്രാർത്ഥിച്ചു .ഒടുവിലത്തെ ചെന്നായും ക്ഷീണിതനായപ്പോൾ ഏറെ മുന്നേ ചേതനയറ്റ
അവളുടെ ശരീരം ഉപേക്ഷിച്ചു അവർ പോയി .പോകും വഴി എന്റെ മുഖത്ത് കാർക്കിച്ചു
തുപ്പി .വള്ളികൾ അയഞ്ഞപ്പോൾ ഞാൻ എഴുന്നേറ്റു .അവളുടെ ശരീരാവഷിഷ്ടം എടുത്തു
നടന്നു.അവളുടെ വിളറിയ മുഖത്തെ ചോരപ്പാടുകൾ തുടച്ച് നെറ്റിയിൽ ചുംബിച്ച്
ചാൾസ് ബ്രിഡ്ജിന്റെ മുകളിൽ നിന്ന് വിൽറ്റാവയിലേക്ക് എറിയുമ്പോൾ ഞാൻ
പറഞ്ഞു."ഇതാ എന്റെ ജീവൻ .എൻറെ പ്രണയിനി .എൻറെ ശ്വാസം .ഇവളെ നീ സൂക്ഷിക്കുക
.നിൻറെയും പ്രഹയുടെയും കാതിരുപ്പിന്നറുതി വരുന്ന കാലത്ത് എനിക്കിവളെ
തിരികെ തരിക ".
സ്വപ്നത്തിൽ
നിന്നുണർന്നിട്ടും തീരാത്ത നടുക്കം.സ്വപ്നവും യാഥാർത്ഥ്യവും തമ്മിലുള്ള
അതിർ വരമ്പ് എനിക്ക് നഷ്ട്ടപ്പെട്ടിരിക്കുന്നോ ?ഞാൻ അലമുറയിട്ടു കരഞ്ഞു
.വയ്യ ഇനി വയ്യ.ബാൽക്കണിയിൽ നിന്നും താഴേക്കു നോക്കി.ചുറ്റും
വെള്ളം.വിൽറ്റാവ കര കവിഞ്ഞതാണോ അതോ എന്റെ മതിഭ്രമമോ?തൊട്ടു പിന്നിൽ കരയുന്ന
കന്യാമറിയവും മഗ്ദലനമറിയവും.അവരുടെ കണ്ണുകളിൽ നിലക്കാത്ത കണ്ണീർച്ചാൽ
അവരുടെ തേങ്ങലുകൾ എന്റെ ചെവികളിൽ മുഴങ്ങുന്നു.ബാൽക്കണി വാതിൽ കടന്നു
അകത്തു കടന്നപ്പോൾ കാലുകളിൽ കല്ലിന്റെ പരുപരുപ്പ് .നില്ക്കുന്നത്
പ്രാഗിന്റെ കല്ല് വിരിച്ച ഏതോ തന്തയില്ലാതെരുവിലാണെന്ന് എനിക്ക് തോന്നി
ചുറ്റും നൂറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടങ്ങൾ .എനിക്ക് എന്നെ തന്നെ
നഷ്ടപ്പെടുന്നതായി എനിക്ക് തോന്നി.ഞാൻ ക്ഷീണിച്ചു സോഫയിൽ ഇരുന്നു.
ജീവിതത്തിൽ
എല്ലാം അനുഭവിച്ചു കഴിഞ്ഞതായി എനിക്ക് തോന്നി.പ്രണയം,അവൾ എന്റെ
പ്രണയിനി,പ്രാഗ്,ഇനി ഒന്നേ ഉള്ളൂ ബാക്കി ...മരണം.അതും എനിക്കറിയണം ...കാണണം
...മുഖാമുഖം ....
പാതിയടഞ്ഞ
കണ്ണിൽ പാതി മാഞ്ഞ ബോധത്തിൽ ഞാൻ എന്റെ ശരീരത്തിൽ നിന്ന് പൊങ്ങി പറന്നു
നടക്കുന്നതായി എനിക്ക് തോന്നി .ഞാൻ സ്വയം പറഞ്ഞു "എന്റെ മരണമേ ,നീയും ഒരു
പെണ്ണാണ് .....എന്നെ പോലെ ......ഇത്ര ലോലമായി എന്നെ സ്നേഹിച്ചവൾ അവൾ
മാത്രമായിരുന്നു ....ഇപ്പോൾ
നീയും...നന്ദി ....ഒരു പെണ്ണിനേ അതിനു കഴിയൂ.."
എന്റെ കൈത്തണ്ടയിൽ നിന്നൊഴുകിയ ചോര വിൽറ്റാവയെ ചുവപ്പിച്ചു.
No comments:
Post a Comment