എത്രയും ബഹുമാനപ്പെട്ട ഐ .ഡി.ബി.ഐ. കടവന്ത്ര ശാഖ കര്യകർത്താവിന് ,
എൻറെയും
എന്റെ കുടുംബത്തിന്റെയും തലയ്ക്കു മുകളിൽ ഒരു കൂരയുണ്ടാവാൻ കാരണഭൂതരായ
അവിടുത്തോടും അവിടുത്തെ സ്ഥാപനത്തിനോടും ഈയുള്ളവനുള്ള നിസ്സീമമായ നന്ദിയും
കടപ്പാടും ഞാൻ ആദ്യം തന്നെ പ്രകാശിപ്പിക്കട്ടെ .(2 ലോഡ് വീതം ഇപ്പറഞ്ഞ
,നന്ദിയും കടപ്പാടും ,ബാങ്കിന്റെ മുറ്റത്ത് വാരി വിതറാൻ ടിപ്പർ ലോറി
കാർക്ക് ഞാൻ കരാർ കൊടുത്ത വിവരവും സസന്തോഷം അറിയിക്കുന്നു ,ഇപ്പറഞ്ഞ വഹകൾ വായ്പയടവിനു പകരമായി അവിടുന്ന് സ്വീകരിക്കില്ല എന്നറിയാം എങ്കിലും)
ദീർഘിപ്പിക്കാതെ
ഈ കത്തിന്റെ ഉദ്ദേശ്യം വ്യക്തമാക്കട്ടെ .അവിടുത്തെ ആജ്ഞാനുവർത്തികളിൽ
ആർക്കോ അബദ്ധം പിണഞ്ഞതിനാൽ ഒരു മെയിൽ എന്റെ ഇൻബോക്സിൽ ഇന്ന് രാവിലെ
പ്രത്യക്ഷപ്പെടാനിടയായി .ടി മെയിലിൽ പുതിയ വായ്പകൾ 10.25 % പലിശ നിരക്കിൽ
ഫുട്പാത് കച്ചവടം (പ്രോസസ്സിംഗ് ഫീ പോലും ഇല്ലാതെ)നടത്തുന്നുണ്ടെന്ന
തുണിയില്ലാ സത്യം ഞാൻ അറിയാനിടയായി.ഒന്നര ആണ്ട് മുമ്പ് ഈയുള്ളവൻ എടുത്ത
ഭവനവായ്പയ്ക്ക് 10.75 %നിരക്കിലാണ് ഇപ്പോളും
പിഴിഞ്ഞൂറ്റിക്കൊണ്ടിരിക്കുന്നത് .മറ്റേതെങ്കിലും ബാങ്കിൽ നിന്നെടുത്ത
വായ്പ പോലും രണ്ടു കയ്യും നീട്ടി കുറഞ്ഞ പലിശക്ക് ഏറ്റെടുത്തു കളയാമെന്നും
മെയിലിൽ വാഗ്ദാനിച്ചു കണ്ടു.ഇതൊരു മാതിരി സ്വന്തം ഭാര്യക്ക് പരുത്തി സാരി ,അന്യന്റെ ഭാര്യക്ക് പട്ടു സാരി എന്ന ലൈൻ ആയിപ്പോയി എന്ന് വ്യസന പുരസ്സരം എഴുന്നള്ളിച്ചു കൊള്ളട്ടെ .അതെന്തും ആകട്ടെ .
മാസം
തോറും e m i അഥവാ എന്റെ മരണത്തിന്റെ ഇൻസ്റ്റോൾമെൻറ് എത്തിക്കുവാൻ ഞാൻ
പെടുന്ന പെടാപ്പാട് ചില്ലറയല്ല എന്ന് ആവലാതി പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല
എന്നാലും അതിന്റെ ഭാരം കുറച്ചു കുറഞ്ഞാൽ നന്നായി എന്ന പാഴ്ചിന്ത
ഈയുള്ളവൻറെ പഴമനസ്സിൽ ഉദിക്കാത്ത ദിനരാത്രങ്ങൾ കടന്നു പോയിട്ടില്ലെന്നും
ഇതിനാൽ പറഞ്ഞു വെക്കട്ടെ .നല്ല അടിയാൻ കാഴ്ച കൊണ്ട് വന്നു റാൻ മൂളി
നില്ക്കും കണക്കെ ഇത് വരെ അടിയൻ തവണകളൊന്നും തന്നെ
മുടക്കിയിട്ടില്ലെന്നുള്ളതും ശ്രദ്ധയിൽ പെടുത്തട്ടെ .ഇവ മുടക്കാതിരിക്കാൻ
മറ്റൊരു വായ്പ കൂടി തരമാക്കാൻ ശ്രമം തകൃതിയായി നടക്കുന്നുണ്ട് .പലിശ
കൂടുമ്പോൾ കാലവിളംബംവിനാ കൃത്യമായി കണക്കു കൂട്ടി വാങ്ങാൻ അവിടുന്ന്
കാട്ടുന്ന ശുഷ്കാന്തി ശ്ലാഘനീയം തന്നെ .എന്നാൽ കുറയുമ്പോൾ അത് ഈയുള്ളവനെ
പോലുള്ള ഉപഭോക്തൃ കൊഞ്ഞാണൻമാരെ അറിയിക്കാത്തത് ശരിയാണോ?
No comments:
Post a Comment