Monday, September 23, 2013

ഓണം കണ്ടോ ...

 ചീറിയടിക്കും കാറ്റിലും മഴയിലും കണ്ടു
ചീയുന്ന മാനവതയുടെ വികൃത മുഖം
ചവിട്ടിക്കേറുവാൻ വെട്ടിയരിയുവാൻ
സൊദരന്റെ തലയ്ക്കുന്നം പിടിച്ചവർ
മുലപ്പാൽ തികയാതെ മക്കൾ കരഞ്ഞപ്പോൾ
ഗതികേടിൽ തകർന്നു മടിക്കുത്തഴിച്ചവർ
കാമവെറിയേറ്റം ശമിച്ചു കഴിയുമ്പോൾ
നിർലജ്ജമവരൊടു പേശുന്ന കഴുകന്മാർ
അന്ധത മൂടിയോരകക്കണ്ണിൻ കാഴ്ചയിൽ
അമ്മയെപ്പോലും തിരിച്ചറിയാത്തവർ
ഓടിയും ബെന്സും പായുന്ന റോഡിന്റെ
ഓരത്തിരുന്നു പിച്ചയെടുക്കുന്നവർ
കഞ്ചാവ്ബീഡിയിൽ ലഹരിഗുളികയിൽ
ചോര വറ്റിയ യുവത തൻ പേക്കോലം
വിശന്നു വലഞ്ഞവനന്നം വിളമ്പുമ്പോൾ
വിസർജ്യം പോലും ചേർക്കാൻ മടിയില്ലാത്തോർ
നാലണ കൂടുതൽ കീശയിലാക്കുവാൻ
നിരത്തിൽ കബന്ധ കൂനകൾ തീർക്കുന്ന ബസുകൾ
കൈകാലറ്റ് പിടഞ്ഞു ചോരയോലിക്കുന്നോരുടെ
ഫോട്ടോയെടുത്തു ഫേസ്ബുക്കിലിട്ടവർ
മദ്യക്കടയുടെ മുന്നിലായ് ചെമ്മേ
സ്തംഭം കണക്കെ സ്ഥാനം പിടിച്ചവർ
കുടിച്ചത് മുഴുവൻ ഛർദിച്ചു പോയിട്ടും
പിന്നെയും കുടിക്കാൻ വെമ്പിനിൽക്കുന്നവർ
അമ്മയെ മക്കളെ ഭാര്യയെ പെങ്ങളെ
മർദിച്ചു വീടൊരു നരകമാക്കിയവർ
വികസന വേഗത്തിന്നൂർജം പോരാഞ്ഞു
അമ്മയാം പ്രകൃതിയെ ബലാൽസംഗം ചെയ്യുവോർ
വിഡ്ഢിപെട്ടിയിൽ പകലന്തിയാവോളം
താരക്കച്ചവട പേക്കളിയുണ്ട് രസിച്ചിട്ടേമ്പക്കം വിട്ടവർ
ഓണത്തിന് പോലും കാണാൻ വരാത്ത
മക്കളെ ശപിക്കാത്ത വൃദ്ധസദനവാസികൾ
അമ്മയാം സംസ്കാരം ഊർധ്വൻ വലിക്കുമ്പോൾ
വിറ ചുണ്ടിൽ  വിഷജലമുറ്റിച്ച് കൊലച്ചിരി ചിരിപ്പവർ
നന്മയാം ഇത്തിരിവെട്ടത്തിനെ
കാർക്കിച്ചു തുപ്പി കെടുത്തുവോർ
ഓണമാണത്രെ ....
ഹൃദയം നുറുങ്ങി യവസാനിച്ചു ഈച്ചയരിച്ച
ചക്രവർത്തിയുടെ ജഡം
ഹാങ്ങോവർ മാറാത്ത കുടിയനെന്നു
ധരിച്ചു പാഞ്ഞു  പോയി
ഒന്ന് പോലെല്ലാ മാനുഷരും ...

No comments:

Post a Comment