Monday, February 15, 2010

തണല്‍ മരം

ഓര്‍ത്തോര്‍ത്തെടുക്കുവാന്‍ ശ്രമിക്കുന്നു ഞാനിന്നും
പൂര്‍വ ജന്മങ്ങളില്‍ ഞാന്‍ ചെയ്ത സുകൃതങ്ങള്‍
ഈ നല്ല വീട്ടില്‍ ജനിച്ചീടുവാന്‍ അച്ഛന്‍റെ മകളായി പിറന്നീടുവാന്‍


ലാളിക്കുവാനായെന്നെ വാരിയെടുത്തപ്പോള്‍
മാറത്തു ഞാനേകിയ താടനങ്ങള്‍
പൂക്കളായി ഹൃദയത്തില്‍ ഏറ്റിയച്ഛന്‍
നീറുന്ന ജീവിത മരുഭൂവിന്‍ ചൂടിലും
മരുപ്പച്ച പോല്‍ സാന്ത്വനം ഏകിയച്ഛന്‍


ആ മടിത്തട്ടാം തണലില്‍ കിടന്നു ഞാന്‍
നിര്‍ഭയം സ്വപ്‌നങ്ങള്‍ നെയ്തു പോന്നു
ആ തലോടലാം പിയൂഷം നുകര്‍ന്ന് ഞാന്‍
സ്വച്ഛം  സുഷുപ്തിയെ പുല്‍കി വന്നു


കഴിവില്ല ഒന്നും തിരിച്ചു നല്കീടുവാന്‍
ഈ ഭാഗധേയത്തിനു നന്ദി ചൊല്ലീടുവന്‍
അറിയില്ലീ ലോകത്തിന്‍ നൂലാമാലകള്‍
പായുന്ന ജഗത്തിന്റെ  ഗതികള്‍ വിഗതികള്‍
ചെമ്മേ ഞാന്‍ മുന്നോട്ടഞ്ഞിടുന്നു
അച്ഛന്‍റെ  വാക്കുകള്‍ സ്മരിച്ചിടുന്നു
എന്തൊക്കെ യായാലും എന്ത് ഭവിച്ചാലും
തിരികെ ഞാന്‍ ഗേഹം പൂകിടുമ്പോള്‍
താങ്ങായി തണലായി ജീവമരമായി
മായാത്ത ചിരിയോടെ പൂമുഖ വാതില്‍ക്കല്‍
കുളിരാര്‍ന്ന സ്നേഹമഴ പൊഴിക്കുമച്ഛന്‍
മിഴിവാര്‍ന്ന നിലാവായി തെളിയുമച്ഛന്‍

(സച്ചി-സുഹൃത്ത്‌ അല്ലിക്ക് വേണ്ടി )

No comments:

Post a Comment