ഇത്ര മേൽ സ്വന്തം അസ്തിത്വത്തെ അന്വേഷിച്ച ,ആശ്ലേഷിച്ച മറ്റൊരാൾ ചരിത്രത്തിലില്ല .ഒന്നും തിരിയാത്ത ഉണ്ണിപ്രായത്തിൽ ഇതൊക്കെയാണ് അപ്പൂപ്പൻ എന്റെ പേരിനെ പറ്റി എന്നോട് പറഞ്ഞിരുന്നത് .ഗൗതം.എന്റെ പേരിന്റെ സൗണ്ട് എനിക്കിഷ്ടമായിരുന്നു .അപ്പൂപ്പന്റെ ധാർഷ്ട്യത്തിനുമുന്നിൽ തല കുനിച്ച മറ്റുള്ളവരുടെ നിർബന്ധങ്ങളുടെ പ്രതീകമായിരുന്നു ഞാനും എന്റെയീ പേരും.എനിക്ക് എല്ലാത്തിനും കൂട്ട് അപ്പൂപ്പനായിരുന്നു ,അത് പോലെ അദ്ദേഹത്തിന്റെ എല്ലാ ഇടിയോസിന്ക്രസീസിലും ഞാനും ഒരു ഭാഗം ആയിരുന്നു.മറ്റുള്ളവർക്ക് ഒരിക്കലും അതിനു കഴിഞ്ഞിരുന്നില്ല .പക്ഷെ ഞാൻ അത് അങ്ങേയറ്റം ആസ്വദിച്ചിരുന്നു .നീണ്ട നടപ്പുകൾ ,നീണ്ട മോണോലോഗുകൾ ,നീണ്ട ഡയലോഗുകൾ ,തർക്കങ്ങൾ എല്ലാം.ആറാം വയസ്സിൽ ഞാൻ നിർത്താതെ 100 മീറ്റർ നീന്തിയതിന്റെയും മൂന്നു മിനിട്ടോളം ശ്വാസം പിടിച്ചു വെള്ളത്തിനടിയിൽ നിന്നതിന്റെയും ഫുൾ ക്രെഡിറ്റ് അപ്പൂപ്പന് തന്നെയാണ്.
എന്റെ ചെറുപ്പകാലത്തിന്റെ ഓരോ ഏടും അപ്പൂപ്പൻ നിറം പിടിപ്പിച്ചു തന്നവയാണ് .കഥകൾ ,കവിതകൾ ,വ്യക്തികൾ ,ചിന്തകൾ ,പുസ്തകങ്ങൾ ,പാട്ടുകൾ ..എന്റെ എല്ലാ ചിന്തകൾക്കും ഓർമകൾക്കും അപ്പൂപ്പന്റെ നിറമാണ് ,മണമാണ് .എല്ലാത്തിനും സാക്ഷി തറവാടിന്റെ കിഴക്കേ തൊടിയിലെ വലിയ കുളവും.എന്റെ കണ്ണീരും ,കിനാവും ,ഗന്ധവും പ്രേമവും
ഭയവും വിഹ്വലതകളും എല്ലാം അമ്മമടിത്തട്ട് പോലെ ആവാഹിച്ചലിയിച്ച ആ കുളം.അപ്പൂപ്പന്റെ മുഖത്തെ ഓരോ ചെറുചുളിവിന്റെയും നിഴലനക്കങ്ങൾ പോലും എനിക്ക് മനസ്സിലാകുമായിരുന്നു .തിരിച്ചും അങ്ങനെ തന്നെ.വാക്കുകളേക്കാൾ ഏറെ ഞങ്ങൾ മൗനത്തിൽ സംവദിച്ചിരുന്നു .
പക്ഷേ ഇന്ന് ആ മുഖത്ത് കണ്ട ഭാവങ്ങൾ മുമ്പ് കണ്ടിട്ടില്ലാത്ത താണ് .എനിക്ക് പരിചിതമല്ലാത്ത ഗതിയിലാണ് ആ ശ്വാസം ..കേട്ടിട്ടില്ലാത്ത താളത്തിലാണ് ആ ഹൃദയമിടിപ്പ് .വാക്കുകളിലും സ്വരത്തിലും പതിവിലും ഏറെ ശാന്തത ...കണ്ണിലും...
"ഗൗതം ,ഐ ഹാവ് എ സർപ്രൈസ് ഫോർ യു ടുഡേ,എ വെരി എക്സൈറ്റിങ്ങ് വണ്‍"
കാവിനരികിലുള്ള ചെങ്കൽ വഴിയിലൂടെ നടക്കുമ്പോൾ അമ്മായി കൽവിളക്ക് കൊളുത്തുകയായിരുന്നു .അപ്പൂപ്പൻ കഴിഞ്ഞാൽ പിന്നെ എനിക്ക് ഏറ്റവും അടുപ്പം സുലുമ്മായിയോടായിരുന്നു .സുലോചന.പേര് പോലെ തന്നെ അതി മനോഹരമായ കണ്ണുകളായിരുന്നു അമ്മായിക്ക് .കിഴക്കേ തൊടിയിലെ കുളത്തിനെക്കാൾ ആഴം തോന്നും കൽവിളക്കിനെ തോല്പിക്കുന്ന ആ കണ്ണുകൾ കണ്ടാൽ.അമ്മായിക്ക് മക്കളില്ല.അമ്മായി ഉരുട്ടി തരുന്ന ചോറുരുളകൾക്ക് അമ്മായീടെ നന്മയുടെ രുചിയായിരുന്നു.
"ഇന്നെന്താ കുളി വൈകിയോ ?"അമ്മായി ചോദിച്ചു.
അപ്പൂപ്പൻ ഒന്നും മിണ്ടിയില്ല.
"ഉം." ഞാൻ മൂളി .
വള്ളിപ്പടർപ്പുകളും പാലയും മഞ്ഞൾ പുരണ്ട പ്രതിഷ്ഠ യും എണ്ണ കട്ട പിടിച്ചു കറുത്ത കൽവിളക്കും പലർക്കും ഭക്തിയും പേടിയും ഒക്കെ കലർന്ന എന്തോ ഒരു വികാരമായിരുന്നു .എനിക്ക് ഉള്ളം കുളിർക്കുന്ന സ്നേഹവും ...അവിടുത്തെ നനഞ്ഞ മണ്ണും അരണ്ട വെളിച്ചവും കൽവിളക്കിലെ നാളവും മഞ്ഞ നിറവും എന്റെ ശ്വാസം പോലെ എന്നോടൊപ്പം എന്നും ഉണ്ട്.
അപ്പൂപ്പനും അമ്മായിയും കാവും തറവാടും കുളവും അല്ലാതെ എന്റെ ജീവിതത്തിനു ഒരേ ഒരു ദൃക്സാക്ഷിയേ ഉള്ളൂ അവൾ .....നിധി.......മുത്തശ്ശിമാവിന്റെ ഉയരമുള്ള ചില്ലയിൽ അപ്പൂപ്പൻ കെട്ടിച്ചു തന്ന ഊഞ്ഞാലിൽ ആടാൻ അവൾ എന്നും വരും.അപ്പൂപ്പന്റെ കഥാകഥനങ്ങളിൽ എന്റെ ഏക സഹ പ്രേക്ഷക കൂടിയാണ് അവൾ.അവളുടെ ഗോതമ്പ് നിറവും ചിരിക്കുമ്പോൾ തെളിയുന്ന നുണക്കുഴികളും എല്ലാവർക്കും ഇഷ്ടമായിരുന്നു.
ഇത് രണ്ടും ഒഴിച്ച് അവളെ കുറിച്ചുള്ളതെല്ലാം എനിക്കും ഇഷ്ടമായിരുന്നു.
ഇന്ന് കുളക്കരയിൽ നിറഞ്ഞ നിശബ്ദത .സുര്യൻ യാത്രയാകും മുമ്പേ ചീവീടുകൾ തിരക്ക് കൂട്ടിത്തുടങ്ങിയിരുന്നു .ഊഞ്ഞാലിൽ നിധി ഇല്ലായിരുന്നു.
കുളക്കരയിൽ എത്തി .അപ്പൂപ്പൻ എനിക്ക് വേണ്ടി കാത്തു നില്ക്കുകയാണ് ."വേഗം വാ ,നേരം വൈകീട്ടോ ..."
അപ്പൂപ്പൻ കുളത്തിലേക്ക് ഊളിയിട്ടു .വെള്ളത്തിൽ ഒരു ചെറിയ അനക്കം പോലും വരുത്താതെ ഒരു മീനിനെ പോലെ .പിന്നാലെ ഞാനും .ഏറെ നേരം നോക്കിയിട്ടും വെള്ളത്തിനടിയിൽ ഞാൻ അപ്പൂപ്പനെ കണ്ടില്ല.പെട്ടെന്നാണ് എന്റെ വലംകയ്യിൽ ബലിഷ്ഠമായ ഒരു പിടി വീണത്.അതു അപ്പൂപ്പന്റെതാണെന്ന് മനസ്സിലാക്കാൻ അധികം സമയമെടുത്തില്ല .പക്ഷെ അത് എന്നെ എങ്ങോട്ടോ വലിക്കുകയാണ് .എനിക്ക് നിയന്ത്രണം വിട്ടു.ശ്വാസം മുട്ടി .വായിൽ നിന്നും മൂക്കിൽ നിന്നും കുമിളകൾ പറന്നു .ഞാൻ എന്റെ കൈ വിടുവിക്കാൻ ശ്രമിച്ചു.അപ്പൂപ്പൻ കൂടെയുള്ളപ്പോൾ ജീവിതത്തിൽ ആദ്യമായി ഞാൻ പേടിച്ചു .എനിക്ക് കണ്ണിൽ ഇരുട്ട് കയറുന്ന പോലെ തോന്നി.
പൊടുന്നനെ എല്ലാം ശാന്തമായി .ഞാൻ ദീർഘമായി ശ്വാസമെടുത്തു .കണ്ണ് തുറന്നു.വെള്ളത്തിൽ മീനുകളെ പോലെ ഞാൻ ശ്വസിച്ചു .മുന്നിൽ അപ്പൂപ്പൻ നിൽക്കുന്നു .ഞാൻ ചുറ്റും നോക്കി .എല്ലാം ..എല്ലാം പളുങ്ക് പോലെ ...ചുറ്റും വെള്ള വെളിച്ചം ..വെള്ള നിറത്തിലുള്ള ഇലകളുള്ള മരങ്ങൾ .അവയുടെ തടിയിലും തണ്ടിലും ഇലഞെരമ്പുകളിലും നിന്ന് വെള്ള വെളിച്ചം വമിക്കുന്നു .നോക്കെത്താദൂരത്തെല്ലാം ആ പ്രകാശം തന്നെ .
അപ്പൂപ്പൻ എന്റെ അടുത്ത് വന്നു ..."ഗൗതം,ഞാൻ ഇനി വരുന്നില്ല.ഇനി ഇവിടെ വിശ്രമിക്കാൻ പോകുകയാണ്.നീ തിരിച്ചു പോകുമ്പോൾ എന്റെ സമ്മാനമായി ഈ പേന വച്ചോളൂ .ഇതാണ് നിനക്കുള്ള സർപ്രൈസ് ."
എനിക്കൊന്നും മനസ്സിലായില്ല .ഞാൻ പേന കയ്യിൽ വാങ്ങി അന്തം വിട്ടു നിന്നു .
"അപ്പൂപ്പനില്ലാതെ ഞാൻ എങ്ങും പോകുന്നില്ല ."ഞാൻ ശഠിച്ചു .
അപ്പൂപ്പൻ സ്നേഹത്തോടെ പറഞ്ഞു."ഔർ ജേർണി റ്റുഗെതെർ ഹാസ് ബീൻ ബ്യുടിഫുൾ .ബട്ട് ദിസ് ഈസ് ഇറ്റ് ."
എനിക്ക് എന്റെ വാശി കൊണ്ട് മാറ്റാൻ പറ്റാത്ത എന്തോ ഒന്ന് സംഭവിക്കുന്നതായി എനിക്ക് തോന്നി .ഞാൻ വാവിട്ടു കരഞ്ഞു.അപ്പൂപ്പനെ കെട്ടിപ്പിടിച്ചു അലറിക്കരഞ്ഞു .എന്നെ ആശ്വസിപ്പിക്കാൻ ആർക്കും കഴിയുമായിരുന്നില്ല .പെട്ടെന്ന് അപ്പൂപ്പന്റെ കൈകൾ എന്റെ നെഞ്ചിൽ ശക്തിയായി ഇടിച്ചു.ചുഴലിക്കാറ്റിൽ പെട്ട പോലെ ഞാൻ പിന്നോട്ട് പറന്നു .യാതൊരു നിയന്ത്രണവും ഇല്ലാതെ .എനിക്ക് ശ്വാസം മുട്ടി.ഞാൻ മരിക്കുകയാണെന്ന് ഞാൻ ഉറപ്പിച്ചു.
-----------------------------------------------------------------------------------
"എന്തായിത് ഒരുപാട് നേരമായല്ലോ ഈ പേനയും പിടിച്ച് ഈ ഇരിപ്പ് ?"
നിധിയുടെ സ്നേഹത്തോടെ ഉള്ള തലോടൽ ആണ് എന്നെ ഉണർത്തിയത് .ഈ വാർധക്യത്തിലും എന്നെ പ്രേമാതുരനാക്കാൻ അവളുടെ തലോടലുകൾക്ക് കഴിയും .എന്റെ എല്ലാ മുഖംമൂടികളും തിരിച്ചറിയുന്ന ഒരേ ഒരാൾ ...അവൾ ...ജീവിതത്തിലെ ഓരോ വേഷങ്ങൾക്കും കൂട്ടുവെഷം അണിഞ്ഞവൾ .
"ഏയ് ഒന്നുമില്ല .ഓരോന്നോർത്തു മയങ്ങിപ്പോയതറിഞ്ഞില്ല ."
"നിങ്ങടെ കൊച്ചുമോൻ വേയ്റ്റ് ചെയ്യുന്നു ,കുളിക്കാൻ പോകാൻ "
പുറത്തിറങ്ങി കാവ് വഴി നടക്കവേ ഞാൻ അവനോടു പറഞ്ഞു.
" ഗൗതം ,ഐ ഹാവ് എ സർപ്രൈസ് ഫോർ യു ടുഡേ,എ വെരി എക്സൈറ്റിങ്ങ് വണ്‍"